
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അഫാന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്. അപകടനില തരണം ചെയ്‌തിട്ടില്ല എന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ രാവിലെയാണ് പൂജപ്പുര ജയിലിൽ അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചത്.
യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് അഫാൻ ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഡ്യൂട്ടി ഉദ്യോഗസ്ഥൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാൻ ശുചിമുറിയിൽ തൂങ്ങിയത് കണ്ടത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഡോക്ടർമാർ അനുവദിച്ചാൽ അഫാന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. ഇത് രണ്ടാം വട്ടമാണ് അഫാൻ ആത്മഹത്യക്ക് ശ്രമിക്കുന്നത്.
പൂജപ്പുര സെൻട്രൽ ജയിലിലെ സുരക്ഷ ബ്ലോക്കായ യുടിബി ബ്ലോക്കിലെ സെല്ലിലാണ് ഒരു തടവുകാരനൊപ്പം അഫാനെ പാർപ്പിച്ചിരുന്നത്. പ്രത്യേക നിരീക്ഷണം വേണ്ട ഏഴു തടവുകാരാണ് ഈ ബ്ലോക്കിലുള്ളത്. നേരത്തെ അഫാൻ ആത്മഹത്യാശ്രമം നടത്തിയ സാഹചര്യത്തിലാണ് സെല്ലിൽ ഒരു തടവുകാരനെ കൂടി പാർപ്പിച്ചിരുന്നത്. രാവിലെ 11.30യോടെ ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോണ്‍ വിളിക്കാനായി പോയി. മറ്റ് തടവുകാര്‍ വരാന്തയിൽ ടിവി കാണാൻ ഇറങ്ങി.
ഈ സമയത്താണ് അഫാൻ ശുചിമുറിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയത്. മെഡിക്കൽ ഐസിയുവിൽ വെന്‍റിലേറ്റര്‍ സഹായത്തിലാണ് അഫാന്‍ ഇപ്പോള്‍. 24 മണിക്കൂറിന് ശേഷമേ ആരോഗ്യനിലയിൽ പുരോഗതിയുണ്ടോയന്ന് പറയാനാകൂവെന്ന് ഡോക്ടർമാർ ജയിൽ അധികൃതരെ അറിയിച്ചു.
സഹോദരനെും കാമുകിയെയും ബന്ധുക്കളെയും ഉള്‍പ്പെടെ 5 പേരെ കൊലപ്പെടുത്തിയ ശേഷം മദ്യത്തിൽ വിഷം കലർത്തി കഴിച്ച ശേഷമാണ് അഫാൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അഫാന്‍റെ ജീവൻ രക്ഷപ്പെട്ടു. റിമാൻഡിൽ കഴിയുമ്പോള്‍ ജയിലിൽ കൗണ്‍സിംഗ് നൽകിയിരുന്നു. ഇനി ആത്മഹത്യക്ക് ശ്രമിക്കില്ലെന്നായിരുന്ന് ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്.
അഫാനെ കാണാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ജയിൽ വന്നിരുന്നില്ല. ആരോടും അധികം സംസാരിക്കാതെ കൂടുതൽ സമയവും സെല്ലിനുള്ളിൽ ചെലവാക്കുകയായിരുന്ന പ്രതി.
Post Your Comments