Kerala

കരുവന്നൂർ കള്ളപ്പണക്കേസ്: ഇഡിയേക്കാൾ മുൻപേ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കുറ്റപത്രം എവിടെയെന്ന് ചോദ്യം

തൃശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ ക്രൈംബ്രാഞ്ചിനേക്കാൾ വൈകി അന്വേഷണം ആരംഭിച്ച ഇഡിയുടെ അന്വേഷണം പൂർത്തിയാക്കിയിട്ടും എവിടെയും എത്താതെ നിൽക്കുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ഇപ്പോഴും കള്ളപ്പണക്കേസിനെതിരായ കുറ്റപ്പത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. എന്നാൽ കേസുമായി ബന്ധപ്പെട്ട രേഖകൾ ഇഡിയുടെ കസ്റ്റഡിയിലാണെന്നും ഇതു വിട്ടുകിട്ടാത്തതാണ് അന്വേഷണം നിലയ്ക്കാൻ കാരണമെന്നുമാണ് ക്രൈംബ്രാഞ്ചിൻ്റെ വാദം.

ക്രൈംബ്രാഞ്ചിൻ്റെ ഈ വാദം ഹൈക്കോടതി തള്ളുകയും കുറ്റപത്രം ജ‍ൂലൈയ്ക്കകം സമർപ്പിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും കുറ്റപത്രം പൂർണ രൂപത്തിലായിട്ടില്ലെന്നാണ് സൂചന. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് ആദ്യം അന്വേഷിച്ചതും കേസ് റജിസ്റ്റർ ചെയ്തതും ഇരിങ്ങാലക്കുട പോലീസ് ആണ്.2021 ഓഗസ്റ്റിലാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. തട്ടിപ്പിന്റെ വ്യാപ്തി 300 കോടി കടക്കുന്ന ഘട്ടമെത്തിയപ്പോഴായിരുന്നു ഈ കൈമാറ്റം.

ബാങ്ക് സെക്രട്ടറിയടക്കമുള്ള ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണം പുരോ​ഗമിച്ചെങ്കിലും സിപിഎം നേതാക്കളിലേക്ക് അന്വേഷണം എത്തിയില്ലെന്നതാണ് ശ്രദ്ധേയം.ഇതിനിടെയാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ ബാങ്കിൽ റെയ്ഡ് നടത്തുകയും തട്ടിപ്പുകളുടെ തെളിവുകൾ അടങ്ങുന്ന രേഖകൾ പിടിച്ചെടുക്കുകയും ചെയ്തതോടെ ക്രൈംബ്രാഞ്ച് പിന്നിലേക്കായി. എന്നാൽ ഇഡിയുടെ കൈവശമുള്ള രേഖകൾ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു.

പക്ഷേ അന്വേഷണത്തിന് യഥാർഥ രേഖകൾ എന്തിനാണെന്നാണ് കോടതിയുടെ ചോദ്യം. സിബിഐക്കു വിടേണ്ട കേസാണെന്നും സഹകരണ സംഘങ്ങളിൽ വലിയ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും കോടത‍ി ചൂണ്ടികാട്ടി. ഇതിനു ശേഷമാണു കുറ്റപത്രം ജൂലൈക്കുള്ളിൽ സമർപ്പിക്കാൻ നിർദ്ദേശിച്ചത്. നിലിവിൽ പരാതിക്കാർ, സാക്ഷികൾ എന്നിവരിൽ നിന്നെല്ലാം മൊഴിയെടുത്ത് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം സജീവമാക്കിയിരുന്നു.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button