
കൊളംബോ : മനുഷ്യന്റെ അസ്ഥികള്‍ ഉപയോഗിച്ചുണ്ടാക്കിയ മാരകമായ പുതിയതരം സിന്തറ്റിക് ലഹരിയുമായി 21-കാരിയായ ബ്രീട്ടീഷ് യുവതി ശ്രീലങ്കയില്‍ പിടിയിലായി. മുന്‍ വിമാന ജീവനക്കാരി കൂടിയായ ഷാര്‍ലറ്റ് മേ ലീയാണ് പിടിയിലായത്. ഈ മാസം ആദ്യം കൊളംബോ വിമാനത്താവളത്തില്‍ പിടിയിലായ ഇവര്‍ക്ക് 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഉത്ഭവിച്ചതാണ് മനുഷ്യ അസ്ഥികള്‍ കൊണ്ട് ഉണ്ടാക്കുന്ന ഈ ലഹരിമരുന്ന് എന്നാണ് വിവരം. സിയറ ലിയോണില്‍ മാത്രം ആഴ്ചയില്‍ ഏകദേശം ഒരു ഡസന്‍ ആളുകളുടെ മരണത്തിനിടയാക്കുന്ന ‘കുഷ്’ എന്ന് പേരുള്ള പുതിയ ലഹരിമരുന്ന് സ്യൂട്ട്കേസുകളില്‍ നിറച്ചാണ് കൊണ്ടുവന്നിരുന്നത്. 45 കിലോയോളം ഉണ്ടായിരുന്നു.
ഏകദേശം 28 കോടി രൂപ വിപണി വിലമതിക്കുന്ന ലഹരിമരുന്നുകളുടെ ശേഖരം താന്‍ അറിയാതെയാണ് തന്റെ പെട്ടികളില്‍ ഒളിപ്പിച്ചതെന്ന് യുവതി അവകാശപ്പെട്ടു. വടക്കന്‍ കൊളംബോയിലുള്ള ഒരു ജയിലിലാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കുടുംബവുമായി ബന്ധപ്പെടാന്‍ ഇവർക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍, 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. കൊളംബോ വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഈ തരത്തിലുള്ള ലഹരിയുടെ ഏറ്റവും വലിയ പിടിച്ചെടുക്കലാണിതെന്ന് ശ്രീലങ്കന്‍ കസ്റ്റംസ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ യൂണിറ്റ് അറിയിച്ചു. അതേസമയം ഷാര്‍ലറ്റ് മേ ലീയെ കുടുക്കിയതാണെന്ന വാദമാണ് അവരുടെ അഭിഭാഷകന്‍ സമ്പത്ത് പെരേരയും ഉന്നയിക്കുന്നത്.
ഇത്തരത്തിലുള്ള മയക്കുമരുന്ന് താന്‍ മുമ്പ് കണ്ടിട്ടേയില്ല. വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞപ്പോള്‍ ഇക്കാര്യം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും യുവതി ഡെയിലി മെയിലിനോട് പ്രതികരിച്ചു. സ്യൂട്ട്‌കേസില്‍ തന്റെ സാധനങ്ങള്‍ മാത്രമായിരിക്കും എന്നാണ് കരുതിയത്, തന്റെ സ്യൂട്ട്‌കേസുകളില്‍ മയക്കുമരുന്ന് ‘വെച്ചത്’ ആരാണെന്ന് തനിക്കറിയാമെന്ന് അവര്‍ സൂചിപ്പിച്ചു, പക്ഷേ അവരുടെ പേര് വെളിപ്പെടുത്തിയില്ല. പല തരം വിഷ വസ്തുക്കള്‍ കൂടിച്ചേർത്താണ് കുഷ് എന്ന് വിളിപ്പേരുള്ള ലഹരി വസ്തു നിര്‍മിക്കുന്നത്.
ഇതിലെ പ്രധാന ചേരുവകളിലൊന്ന് മനുഷ്യന്റെ അസ്ഥി പൊടിച്ചതാണ്. ഏഴ് വര്‍ഷം മുന്‍പാണ് ഈ ലഹരിവസ്തു ആദ്യമായി ഈ പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് പ്രത്യക്ഷപ്പെട്ടത്. ഇത് മണിക്കൂറുകളോളം മയക്കിക്കിടത്തുന്ന ലഹരി നല്‍കുന്നു.
കുഷിന്റെ ദുരുപയോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സിയറ ലിയോണ്‍ പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
Post Your Comments