KeralaLatest NewsNewsIndia

മാധ്യമപ്രവർത്തനം പരിഹസിക്കാനും പ്രതികാരം ചെയ്യാനുമുള്ള ലൈസൻസോ ? ട്രോളുകളോട് പ്രതികരിച്ചു ഷീല കണ്ണന്താനം

അടുത്തിടെ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അൽഫോൺസ് കണ്ണന്താനത്തിനേക്കാൾ വാർത്തകളിലും ട്രോളുകളിലും നിറഞ്ഞു നിന്നത് അദ്ദേഹത്തിന്റെ ഭാര്യ ഷീല കണ്ണന്താനം ആണ്.സത്യപ്രതിജ്ഞാ ചടങ്ങുകൾക്കിടയിൽ ഒരു ചാനലുമായി നടന്ന കുശലസംഭാഷണം തന്നെ ഇത്രയേറെ പരിഹാസ്യ ആക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരിക്കില്ല ഷീല കണ്ണന്താനം.ചിത്രീകരിക്കുന്നില്ലെന്നു ഉറപ്പുതന്നിട്ടും തന്നെ പരിഹാസപാത്രമാക്കണമെന്ന ഉദ്ദേശത്തോടെ പുറത്തു വിട്ട ആ വീഡിയോയെ കുറിച്ചും അതിന്റെ ഫലമായി പുറത്തിറങ്ങുന്ന ട്രോളുകളെക്കുറിച്ചും ഷീല കണ്ണന്താനം പ്രതികരിക്കുമ്പോൾ കഥയറിയാതെ ആട്ടം കണ്ടവരായി തീരുകയാണ് നമ്മൾ.

ആദ്യം തന്നെ താൻ ധരിച്ചിരുന്ന കൂളിംഗ് ഗ്ലാസ്സിനെക്കുറിച്ചു സംസാരിച്ചു തുടങ്ങിയ ഷീല കണ്ണന്താനത്തിനു പറയാനുള്ളത് ഡൽഹിയിലെ കൊടുംചൂടിനെക്കുറിച്ചാണ്.” ഡൽഹിയിൽ ചൂട് കാരണം പുറത്തിറങ്ങുന്ന എല്ലാവരും ഇത്തരം ഗ്ലാസ് വയ്ക്കുന്നുണ്ട്. അവിടെ അതൊരു ഗമ കാണിക്കലല്ല.അന്ന് ആൽഫിയുടെ (അൽഫോൻസ് കണ്ണന്താനം) സത്യപ്രതി‍ജ്ഞയായിരുന്നു. രാഷ്ട്രപതിഭവനിലേക്കു കൊണ്ടുപോകാൻ നിയന്ത്രണമുള്ളതുകൊണ്ടു ഞങ്ങൾ മൊബൈൽ ഫോണും കുളിങ് ഗ്ലാസും ഒന്നും എടുക്കാതെയാണു പോയത്. സത്യപ്രതി‍ജ്ഞ കഴിഞ്ഞു നേരെ കേരള ഹൗസിൽ പോയി ഓണസദ്യ കഴിക്കാമെന്ന് എല്ലാവരും പറഞ്ഞതുകൊണ്ടാണ് അങ്ങോട്ടുപോയത്. അവിടെ ചെന്നപ്പോൾ ഇഷ്ടംപോലെ ചാനലുകൾ ആൽഫിയെ പൊതിഞ്ഞു.

ഞാനും ഞങ്ങളുടെ കുടുംബസുഹൃത്തും സഹോദരിയും കാറിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് എന്നെ തപ്പി ഇംഗ്ലിഷ് ചാനലിൽനിന്ന് ഒരു പെൺകുട്ടി വന്നത്. കോട്ടയംകാരിയാണെന്നു പറഞ്ഞപ്പോൾ ആ കുട്ടിയോട് സംസാരിച്ചു.കാറിൽനിന്നു പുറത്തേക്കിറങ്ങാൻ നേരം ചൂടല്ലേ ഇതുവച്ചോയെന്നു പറഞ്ഞു സുഹൃത്തിന്റെ സഹോദരിയാണു കൂളിങ് ഗ്ലാസ് തന്നത്. എന്നോട് എന്തെങ്കിലും പറയാൻ ചാനൽ ലേഖിക പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഒന്നും പറയാനില്ല.എന്റെ ഇംഗ്ലിഷ് അത്ര നല്ലതല്ല. ഇങ്ങനെ ചാനലുകളിലൊന്നും മറുപടി പറയാൻ പറ്റിയ ആളുമല്ല ഞാൻ.”

തുടർന്ന് കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അറിയാവുന്ന ഇംഗ്ലീഷിൽ വളരെ ബുദ്ധിമുട്ടി ദേശിയ ചാനലുകൾക്ക് മറുപടി നൽകിയതെന്ന് പറയുന്നു ഷീല കണ്ണന്താനം.അതിനു ശേഷമാണു തന്നെ ആ മലയാള ചാനൽ സമീപിച്ചത്.ഇംഗ്ലിഷ് പറച്ചിലിൽനിന്നു രക്ഷപ്പെട്ടു വന്നതിന്റെ ആശ്വാസത്തിൽ നിന്ന തനിക്ക് പ്രത്യേകിച്ച് വേറൊന്നും പറയാനില്ലെന്നും പറഞ്ഞപ്പോൾ കുശലം പറഞ്ഞാൽ മതിയെന്നു ചാനലുകാരാണ് പറഞ്ഞത്.ചിത്രീകരിക്കുന്നില്ലെന്ന ഉറപ്പിൽ താൻ പറഞ്ഞ കാര്യങ്ങളാണ് പിന്നീട് മൂന്നു ലക്ഷത്തിലധികം പേർ കണ്ട ആ വിഡിയോയിലേക്കും തുടർന്നുണ്ടായ ട്രോളുകളിലേക്കും നയിച്ചതെന്ന് പറയുന്നു ഷീല കണ്ണന്താനം.പ്രധാനമന്ത്രി മോദിജിയോടും ബിജെപി പ്രസിഡന്റ് അമിത് ഷാജിയോടും ആൽഫിക്കുള്ള ബന്ധമൊക്കെ ചോദിച്ചപ്പോൾ സത്യസന്ധമായി മറുപടി പറയുകയായിരുന്നു ഷീല.ജീവിതത്തിന്റെ ഉയർച്ചകളും താഴ്ചകളും കണ്ടവരാണു ഭർത്താവും താനുമെന്നും അധികാരത്തിന്റെ പല കസേരകളും ചുവപ്പ് പരവതാനിയും ഒക്കെ ദൈവം കൊണ്ടു തന്നുവെന്നും അതൊക്കെ നന്മ ചെയ്യാൻ മാത്രം ഉപയോഗിച്ച ഭർത്താവിന്റെ ഭാര്യയെന്ന അഭിമാനാമാണ് തനിക്കുള്ളതെന്നും അത് ഗമയായി ചിത്രീകരിക്കപ്പെട്ടെന്നും ഒരാളെയും മോശമായി ചിത്രീകരിക്കുന്നതു നീതിയല്ലെന്നു വിശ്വസിക്കുന്ന ആളാണ് താനെന്നും പറയുന്നു ഷീല കണ്ണന്താനം.

കോട്ടയം ജില്ലയിലെ മണർകാട് കണിയാംകുന്ന് സ്കൂളിലും കോട്ടയം ബേക്കർ സ്കൂളിലുമായിരുന്നു ഷീലയുടെ സ്കൂൾ വിദ്യാഭ്യാസം. ബിസിഎം കോളജിൽ ഡിഗ്രിക്ക് രണ്ടാം വർഷം പഠിക്കുമ്പോൾ അൽഫോൻസ് കണ്ണന്താനത്തെ വിവാഹം കഴിച്ച ഷീല പഠനം നിർത്തി. എട്ടുവർഷം കഴിഞ്ഞ് അൽഫോൻസ് കലക്ടറായി കോട്ടയത്തു വന്നപ്പോൾ ബിസിഎമ്മിൽ ചേർന്നു ബിരുദം പൂർത്തിയാക്കി.ചേരികളിൽ താമസിക്കുന്നവർക്കു ശുചിമുറികളും അനാഥ കുട്ടികൾക്കു സംരക്ഷണവും നൽകുന്ന പ്രവർത്തനങ്ങൾ അടക്കമുള്ള സാമൂഹ്യ സേവനങ്ങളുടെ പാതയിലാണ് കേന്ദ്രമന്ത്രിയുടെ ഭാര്യയായ ഈ സാധാരണക്കാരിയായ വീട്ടമ്മ.ഡൽഹിയിലെ ചില കേന്ദ്രങ്ങളിലെ ചുവന്ന തെരുവുകളിലെ കുഞ്ഞുങ്ങളുടെ പുനരധിവാസം ഉൾപ്പെടെ പ്രവർത്തനങ്ങൾക്കും ഷീല നേതൃത്വം കൊടുക്കുന്നു.

മാധ്യമപ്രവർത്തനം ആരെയും പരിഹസിക്കാനോ പ്രതികാരം ചെയ്യാനോ ഉപയോഗിക്കേണ്ട ഒന്നല്ല.എന്നിട്ടും ചിലർ അതിനു മുതിർന്നു. ഷീല കണ്ണന്താനത്തിന്റെ വാക്കുകൾ സത്യത്തിൽ ആരാണ് ശരിക്കും അപഹാസ്യരായത് എന്ന് നമ്മെ ചിന്തിപ്പിക്കുന്ന ഒന്നാണ്.കണ്ണുള്ളവർ കാണുകയും കാതുള്ളവർ കേൾക്കുകയും ചെയ്യും.എങ്കിൽ പോലും അവയെല്ലാം എപ്പോഴും സത്യമായിരിക്കില്ല എന്നതാണ് ഈ സംഭവം നമുക്ക് തരുന്ന സൂചന

shortlink

Related Articles

Post Your Comments


Back to top button