Latest NewsNewsDevotional

പാപവാസന ഇല്ലാതാക്കാൻ നാമജപം

നാമമഹിമയുടെ ഉത്തമ മാതൃകയാണ് ശ്രീമദ് ഭാഗവതം. സത്യംപരാ ധീമഹിയില്‍ തുടങ്ങി സത്യംപരം ധീമഹി യില്‍ അവസാനിക്കുന്നു. നാമങ്ങള്‍ ചൊല്ലി ഭഗവാന്റെ സ്വന്തമായി മാറണം. യഥാര്‍ത്ഥ ഭക്തന് ജീവിതത്തില്‍ ആവലാതികളോ വേവലാതികളോ ഉണ്ടാവാന്‍ വഴിയില്ല. ഇനിയൊരു ജന്മം ഉണ്ടായാലും അവയിലെല്ലാം അചഞ്ചലമായ അച്യുതഭക്തി ഉണ്ടാവണമെന്നാണ് പ്രാര്‍ത്ഥന.

ഒറ്റയ്ക്ക് നാമം ജപിക്കുന്നതിനേക്കാള്‍ മഹത്വം കൂട്ടായി ജപിക്കുന്നതിനാണ്. നാമം സര്‍വപാപഹരമാണ്; എങ്കിലും പാപങ്ങള്‍ ചെയ്ത് അവസാനം നാമം ജപിക്കുകയല്ല വേണ്ടത്. ശരിയായ കൃഷ്ണഭക്തി ഉണ്ടാവണമെങ്കിലും ജന്മങ്ങളുടെ സുകൃതം തന്നെ വേണം. ശ്രീകൃഷ്ണനെക്കുറിച്ചുള്ളതെല്ലാം അത്ഭുതങ്ങളാണ്. പ്രാര്‍ത്ഥിക്കുമ്പോള്‍ സമര്‍പ്പണ മനസ്സ് ഉണ്ടാകണം.

ജീവിതം സന്തോഷപ്രദമായി ആസ്വദിക്കുമ്പോള്‍ ഭഗവദ്ചിന്തയില്‍നിന്ന് അകന്നു നില്‍ക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. കഷ്ടപ്പാടു വരുമ്പോള്‍ ഭഗവാനിലേക്ക് വീണ്ടും തിരിയുന്നു. ഒഴിവു സമയങ്ങളില്‍ ഈശ്വരചിന്തയില്‍ മുഴുകണം. തീര്‍ത്ഥാടനം, സപ്താഹങ്ങള്‍, ഭജനോത്സവം മറ്റു സത്സംഗങ്ങള്‍ എന്നിവയില്‍ പങ്കെടുത്ത് മനഃശാന്തി കൈവരിക്കുക. പൂജയും പാരായണവും ജീവിതത്തിന്റെ ഭാഗമാക്കണം. ഭക്തിപ്രഭാഷണങ്ങള്‍ സംഘര്‍ഷം ലഘൂകരിക്കും.

ഭാഗവതമാകുന്ന വ്യവസായശാലയിലെ വിവിധ വിഭാഗങ്ങളാണ് പന്ത്രണ്ട് സ്‌കന്ദങ്ങള്‍. അതിലൂടെ കടന്നുപോകുന്ന അസംസ്‌കൃത വസ്തുവാണ് മനുഷ്യന്‍. അവസാനം ഉത്തമമായ ഉല്‍പ്പന്നമായി പുറത്തുവരുന്നു. ചെയ്യുന്ന കാര്യങ്ങള്‍ നാമം ജപിച്ചുകൊണ്ട് ഈശ്വരാര്‍പ്പണമായി നിര്‍വഹിച്ചാല്‍ ഈശ്വരസാക്ഷാത്കാരം നടക്കുന്നത് വഴി പാപവാസന ഇല്ലാതാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button