Latest NewsIndia

ചാര സോഫ്ട്‌വെയര്‍ ഉപയോഗിച്ച്‌ ഇന്ത്യന്‍ പൗരന്മാരെ നിരീക്ഷിച്ചെന്ന വാദം തള്ളി കേന്ദ്രസര്‍ക്കാര്‍, ‘അടിസ്ഥാനരഹിതം’

ഒളിക്കാനും ഭയപ്പെടാനും ഒന്നുമില്ല, അനധികൃത ഇടപെടലുകളൊന്നും നടന്നിട്ടില്ല. കെട്ടിച്ചമച്ച കഥകളാണ് യാഥാര്‍ത്ഥ്യമെന്ന നിലയില്‍ പ്രചരിക്കുന്നത്.

ന്യൂഡല്‍ഹി: ഇസ്രയേല്‍ നിര്‍‌മിത ചാര സോഫ്ട്‌വെയര്‍ പെഗാസെസിനെ ഉപയോഗിച്ച്‌ ഇന്ത്യന്‍ പൗരന്മാരെ നിരീക്ഷിച്ചെന്ന വാദം തള്ളി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഒളിക്കാനും ഭയപ്പെടാനും ഒന്നുമില്ല, അനധികൃത ഇടപെടലുകളൊന്നും നടന്നിട്ടില്ല. കെട്ടിച്ചമച്ച കഥകളാണ് യാഥാര്‍ത്ഥ്യമെന്ന നിലയില്‍ പ്രചരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തെ പത്തോളം രാജ്യങ്ങളില്‍ പെഗാസസ് ഉപയോഗിച്ച്‌ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്നും ഭരണകൂടങ്ങളാണ് ഫോണ്‍ ചോര്‍ത്തലിന് പിന്നിലെന്നുമാണ് ആരോപണം ഉയരുന്നത്. എന്നാല്‍ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. നിയമവിരുദ്ധമായി ഒരു നിരീക്ഷണവും കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടില്ല. വ്യക്തികളെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൃത്യമായ മാനദണ്ഡം ഉണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു.

പെഗാസസ് ഉപയോഗിച്ച്‌ രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണവുമായി ദ വയര്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ​ഗാര്‍ഡിയന്‍ എന്നീ വെബ്സൈറ്റുകള്‍ വാർത്തകൾ പുറത്ത് വിടുകയായിരുന്നു. മോദി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടെ ഫോണുകളും മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഒരു സുപ്രീംകോടതി ജഡ്ജിയുടെ ഫോണും നാല്‍പ്പത്തിലേറെ മാദ്ധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ഹിന്ദു, നെറ്റ് വര്‍ക്ക് 18 എന്നീ സ്ഥാപനങ്ങളിലെ മാദ്ധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ചോര്‍ത്തിയതായി ആണ് വാർത്തകൾ പ്രചരിക്കുന്നത്. 2019ലാണ് പെഗാസസ് സോഫ്ട്‌വെയര്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്സാപ്പ് യു.എസ് ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തില്‍ ഇന്ത്യക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു.

തുടര്‍ന്ന് വാട്‌സാപ്പിനോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. 2019 നവംബറില്‍ മറുപടി നല്‍കിയ വാട്ട്‌സ്‌ആപ്പ്, വിവരങ്ങള്‍ ചോര്‍ന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് ഖേദം പ്രകടിപ്പിച്ചു. ഫേസ്ബുക്കും വാട്‌സാപ്പും ആപ്പിളുമെല്ലാം പെഗാസസ് ആക്രമണത്തിനിരയായിട്ടുണ്ട്. ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന ഫോണിന്റെ/ഡിവൈസിന്റെ എല്ലാ പ്രവര്‍ത്തനവും പെഗാസസ് ചോര്‍ത്തും, ഫോണ്‍ വിളികളും മെസേജുകളും ഫയലുകളും, ബ്രൗസിംഗ് ഡാറ്റയും വരെ ചോര്‍ത്താന്‍ കെല്‍പ്പുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പെഗാസ് നുഴഞ്ഞു കയറാനുള്ള സാങ്കേതിക പിഴവുകള്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ആപ്പിളും വാട്‌സാപ്പും അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button