KeralaLatest NewsNewsLife StyleDevotionalSpirituality

രാമായണ മാസമാകുമ്പോൾ സീതാദേവിക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള പരക്കം പാച്ചിലിലാണ് പുരോഗമന ചിന്താഗതിക്കാർ: അഞ്‍ജു പാർവതി

സൈബറിടങ്ങളിലെങ്ങും ഇപ്പോൾ രാമ-രാവണ യുദ്ധമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാമായണമാസമാവുമ്പോൾ അത് പതിവാണ് താനും. കർക്കടകം ഒന്നാം തീയതിയാവുമ്പോൾ ത്രേതായുഗത്തിൽ നിന്നും നേരെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്ക് വണ്ടി റോക്കറ്റുവേഗത്തിൽ പായിച്ച് സീതാദേവിക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള പരക്കം പാച്ചിലുകളാണ് സ്ത്രീസുരക്ഷയ്ക്ക് മതിലുകെട്ടിയ കേരളത്തിലെങ്ങും. ശ്രീരാമനെതിരെ ഗാർഹിക പീഡനവകുപ്പ് ചുമത്തി ജനകീയ വിചാരണ ചെയ്ത് മെയിൽ ഷോവനിസ്റ്റായി ലേബലൊട്ടിച്ചു കഴിഞ്ഞാൽ പിന്നെ രാവണഫാൻസിന്റെ വരവാണ്.

ഭൂമിയിൽ വിശ്രവസ്സ്‌ എന്ന ബ്രാഹ്മണമുനിയുടെയും ദൈത്യ രാജകുമാരിയായ കൈകസിയുടെയും മകനായാണ് രാവണൻ ജനിച്ചതെങ്കിലും ഇവിടെ കേരളത്തിൽ അച്ഛന്റെ കുലത്തേക്കാൾ പ്രസക്തി കൈകസിയുടെ കുലത്തിനാണ്. അസുരരാജാവായ രാവണനാവുമ്പോൾ ബ്രാഹ്മണിക്കൽ ഹെജിമണിയുടെ മണ്ടയ്ക്കിട്ട് വീക്കാമല്ലോ.

Also Read:ഇന്ത്യയിലേയ്ക്ക് ഏറ്റവും വീര്യംകൂടിയ മയക്കുമരുന്ന് കടത്തിനു പിന്നില്‍ താലിബാന്‍,താലിബാന്റെ ലക്ഷ്യം ഇന്ത്യന്‍ യുവാക്കള്‍

ശിവഭക്തനായ രാവണന്റെ ശിവഭക്തിയിൽ പുരോഗമനവാദികൾക്ക് മതിപ്പില്ലെങ്കിലും സ്ത്രീലമ്പടനായ രാവണനോട് വല്ലാത്ത ആരാധനയാണ്. ശ്രീരാമന്റെയും ലക്ഷ്മണന്റെയും ഏകപത്നീവ്രതത്തിനൊന്നും ഇവിടെ സ്ഥാനമില്ല. ലിവിങ്ങ് ടുഗെദറും ചുംബനസമരവും സായുധപ്പോരാട്ടമായി കണക്കാക്കുന്ന ഈ നാട്ടിൽ ഒരു ഭാര്യ മതിയെന്ന ചിന്താഗതിക്കൊക്കെ പുല്ല് വിലയാണല്ലോ. മണ്ഡോദരിയെന്ന പട്ടമഹിഷിയെ വീട്ടിലിരുത്തി വേറൊരാളുടെ ഭാര്യയായ സീതയെ അടിച്ചോണ്ടു വന്ന രാവണൻ പ്രബുദ്ധകേരളത്തിൽ നമ്പർ 1 ഹീറോയാണെങ്കിലും വലതിടങ്ങളിലെ ചിലർ പറയുന്ന റേപ്പ് ജോക്കുകൾ ഇവിടെ വൻ പാപമാണ്.

ശ്രീരാമന്റെ പേരിൽ ചുമത്തിയിട്ടുള്ള മറ്റൊരു വകുപ്പാണ് ദളിത് വിരുദ്ധത കം കൊലപാതകം. വാത്മീകി രാമായണം കാണാത്തവർ ഒക്കെ ഉത്തരകാണ്ഡത്തിലെ ശംബൂകനെ കാണും , ദളിതനായ ശംബൂകനെ വധിച്ച ശ്രീരാമന്റെ സവർണ്ണ ഫാസിസത്തിനെതിരെ പോരാടും. പക്ഷേ അപ്പോഴും വാളയാറിലെയും വണ്ടിപ്പെരിയാറിലെയും തൂങ്ങിയാടിയ പിഞ്ചുമേനികൾ കാണില്ല. ഉത്തരകാണ്ഡത്തിലെ ദളിതനായ ശംബൂകനു നൂറ്റാണ്ടുകൾക്കു ശേഷവും നീതി വാങ്ങി കൊടുക്കേണ്ടത് മാനവികതാവാദമാണ്.

Also Read:ലഡാക്കിന്റെ മാറുന്ന മുഖം: കേന്ദ്ര സർവ്വകലാശാലയ്ക്ക് അനുമതി, 750 കോടി രൂപ സർക്കാർ നീക്കി വെയ്ക്കും

ശരിക്കും ഇവറ്റകളുടെ ഇത്തരത്തിലുളള നരേഷൻസ് കാണുമ്പോൾ സനാതനധർമ്മവിശ്വാസിയായ എനിക്ക് എന്റെ മതത്തോടുള്ള മതിപ്പ് വീണ്ടും കൂടും. ഭാരതീയസംസ്കൃതിയുടെ ഭാഗമായ ഇതിഹാസങ്ങളെ പേർത്തും പേർത്തും വ്യാഖ്യാനിച്ചു വിമർശിക്കാൻ നിങ്ങൾക്ക് കഴിയുന്നത് എന്റെ സനാതനധർമ്മത്തിന്റെ സഹിഷ്ണുതാധർമ്മം കാരണമാണല്ലോ. ഫാസിസം ഫാസിസം എന്നാർത്തിരമ്പി ഭാരതീയ ഇതിഹാസങ്ങളെ ഇകഴ്ത്തിയിട്ടും തല ഉടലിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അതാണ് സനാതനധർമ്മത്തിന്റെ എറ്റവും വലിയ മൂല്യം.

യാവത് സ്ഥാസ്യന്തിഗിരയഃ
സരിതശ്ചമഹീതലേ,
താവത് രാമായണകഥലോകേഷു പ്രചരിഷ്യതി.”

‘ഗിരികളും സരിത്തുകളും ഭൂമിയില്‍ ഉള്ളിടത്തോളം കാലം അങ്ങയാല്‍ വിരചിതമായ രാമകഥ ലോകങ്ങളില്‍ പ്രചരിക്കും” എന്നാണല്ലോ രാമായണ കാവ്യരചനക്ക് മുന്നെ വാല്മീകി മഹര്‍ഷിക്ക് ശ്രീബ്രഹ്മദേവനില്‍നിന്നും കിട്ടിയ അനുഗ്രഹാശിസ്സുകള്‍. ആ അനുഗ്രഹം അക്ഷരംപ്രതി ഇന്നും സംഭവ്യമാകുന്നുവെന്നതാണ് ഈ ഇതിഹാസത്തിന്റെ സത്യം. ഏതൊരു സംസ്കൃതിക്കും ഉണ്ടാകും അഭിമാനകരമായ ഇതിഹാസങ്ങളും ഇതിഹാസപുരുഷന്മാരും. ഹോമറിന്റെ ഇലിയഡും ഒഡീസിയും പോലെ നമ്മുടെ സംസ്കൃതിയുടെ ഭാഗമാണ് രാമായണവും മഹാഭാരതവും. ഒരുപക്ഷേ ഭാരതീയതയിൽ അലിഞ്ഞുച്ചേർന്ന രണ്ട് ഇതിഹാസങ്ങളാണവ. അതിൽ തന്നെ ശ്രീരാമനും ശ്രീരാമരാജ്യവും ഏറ്റവും മഹത്തരവുമാകുന്നു. ഉത്കൃഷ്ടവും ഉന്നതവുമായ ശ്രീരാമനെന്ന ഒരു മനുഷ്യമഹാമാതൃകയെ വാല്മീകി രാമായണത്തിലൂടെ നമ്മുടെ സംസ്കൃതിക്കു നല്കി.

Also Read:യുപിയില്‍ ബിജെപി നിലംതൊടില്ല: 351 സീറ്റുകള്‍ നേടി അധികാരം പിടിക്കുമെന്ന് അഖിലേഷ് യാദവ്

ലക്ഷ്യം ബ്രഹ്മവും മാര്‍ഗ്ഗം ധര്‍മ്മവുമെങ്കില്‍ ഏതു നരനും നാരായണനാവാമെന്നു ശ്രീരാമൻ പഠിപ്പിക്കുന്നു. ഒരു രാവണവധത്തിനു മാത്രമായല്ല രാമായണ രചന. ഒരുപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയചരിത്രം കൂടിയാണത്. രാമായണം ധര്‍മ്മത്തിന്റെ ഗാഥയായതിനാലാണ് അതിന് മഹാഭാരതത്തേക്കാൾ പ്രസക്തി കൈവന്നത്.

ഉദയേ സവിതാരക്തോ
രക്തശ്ചാസ്തമയേ തഥാ
സമ്പത്തൗ ച വിപത്തൗ ച
മഹതാമേകരൂപതാ

ഉദയസൂര്യനു ചെന്നിറം. അസ്തമയ സൂര്യനും അതേ നിറം. സമ്പത്തിലും വിപത്തിലും മഹത്തുക്കള്‍ ഒന്നുപോലെതന്നെ. സുഖത്തിലും ദുഃഖത്തിലും ഭാവഭേദമില്ല. ഈ സ്ഥിതപ്രജ്ഞതയാണ് ശ്രീരാമനെ യുഗപുരുഷനാക്കുന്നത്. അയോധ്യാധിപനും ഉന്നതകുലജാതനുമായ ശ്രീരാമൻ, നൈഷധനും കടത്തുകാരനുമായ ഗുഹന്റെ ആതിഥ്യം സ്വീകരിച്ച്, ഗുഹനെ കെട്ടിപ്പുണർന്ന് അനുഗ്രഹിക്കുമ്പോൾ അയിത്തമില്ലാത്ത ചാതുർവർണ്യമില്ലാത്ത ഒരു രാമരാജ്യമായിരുന്നു പുരാതന ഭാരതമെന്നു മറന്നുപ്പോയവരാണ് ഇപ്പോൾ വർഗ്ഗീയവിഷം കലക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

രാമായണമാസമായ ഈ കർക്കിടകത്തിൽ ഒരു കലഹത്തിനുള്ള കോപ്പുകുട്ടുന്നവർ വാല്മീകിരാമായണത്തിലെ യുദ്ധകാണ്ഡം ഒന്നു ശ്രദ്ധിക്കുക. ശ്രീരാമന്‍ യുദ്ധം പ്രഖ്യാപിച്ചു. രാമന്‍ രാവണനെ കണ്ടിട്ട് ഇതാരാണെന്ന് വിഭീഷണനോടു ചോദിക്കുന്നു. ഇതാണ് അങ്ങയുടെ ശത്രുവായ രാവണൻ എന്നു വിഭീഷണന്റെ മറുപടി. അത്ഭുതാദരങ്ങളോടെ ശ്രീരാമന്‍ ഇങ്ങനെ പറയുന്നു-
‘അഹോ ദീപ്‌തോ മഹാതേജോ
രാവണോ രാക്ഷസേശ്വരഃ
ആദിത്യ ഇവ ദുഷ്‌പ്രേക്ഷോ
രശ്മിഭിര്‍ഭാതി രാവണഃ

സൂര്യതേജസ്സോടെ വിളങ്ങുന്ന ഈ മഹാത്‌മാവോ രാവണൻ?

Also Read:സന്നാഹ മത്സരത്തിൽ രാഹുലിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

പ്രതിനായകന് നായകന്‍ നല്‍കുന്ന സ്വരപ്രശംസയാണിത്. യുദ്ധകാണ്ഡത്തിലെ മറ്റൊരു ഭാഗത്ത് രാവണനോട് ഒരു രാക്ഷസൻ ഇങ്ങനെ ചോദിക്കുന്നുണ്ട്. രാക്ഷസന്മാരായ നമുക്ക് ഏത് വേഷവും സ്വീകരിക്കാമെന്നിരിക്കെ എന്ത് കൊണ്ട് രാമരൂപം സ്വീകരിച്ച് സീതയെ സ്വാധീനിച്ചുകൂടാ? അതിന് രാവണൻ നല്കുന്ന മറുപടി ഇങ്ങനെ- രാമരൂപം പൂണ്ടാൽ കാമൻ കൂടെയുണ്ടാവുമോ? രാമൻ ഏകപത്നീവ്രതക്കാരനാകുമ്പോൾ എനിക്കെങ്ങനെ മറ്റൊരുവന്റെ പത്നിയായ സീതയെ സ്വന്തമാക്കാൻ തോന്നും? പരസ്പരമുള്ള ഈ പ്രതിപക്ഷബഹുമാനമാണ് രാമായണത്തിന്റെ കാതൽ! ഈ കാതൽ ഉൾക്കൊണ്ടവർക്ക് മാത്രമുള്ളതാണ് രാമായണപാരായണം .

വാല്മീകിരാമായണവും അധ്യാത്മരാമായണവും വായിച്ചിട്ടുള്ളവർക്ക് ഒരു സത്യം മനസ്സിലാകും, വാല്മീകിയുടെ രാമൻ മനുഷ്യനും എഴുത്തച്ഛന്റെ രാമൻ ഈശ്വരനുമാണ്. ഭക്തിപാരവശ്യത്തിലാണ് എഴുത്തച്ഛൻ കിളിയെക്കൊണ്ട് പാടിക്കുന്നത്. ഇവിടെ രാമായണമാസത്തിൽ അധ്യാത്മ രാമായണപാരായണമാണ് നടക്കുന്നതെങ്കിലും പൊളിറ്റിക്കൽ കറക്ട്നെസ്സുകാർ വരിവരിയായി നിന്ന് വാല്മീകി രാമായണത്തെ ജഡ്ജ് ചെയ്യുന്നു. ചെയ്യുന്നത് തെറ്റാണെന്ന ബോധത്തോടെ തെറ്റുചെയ്തയാളാണ് എഴുത്തച്ഛന്റെ രാവണൻ. അധ്യാത്മരാമായണത്തിൽ ഒന്നിലധികം ഇടങ്ങളിൽ ഇത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പക്ഷേ രാമായണമാസത്തിലെ രാവണൻ ഫാൻസുകാർക്ക് അത് പ്രശ്നമല്ല.

Also Read:രാജ് കുന്ദ്രയുടെ പ്ലാൻ ബിയും പൊളിഞ്ഞു, വീട്ടിൽ സൂക്ഷിച്ചത് 70 അശ്ലീല വീഡിയോകൾ: വീട്ടിൽ റെയ്ഡ് നടത്തി ക്രൈംബ്രാഞ്ച്

ചോദ്യപേപ്പറിലെ ഒരു പേര് കൊണ്ടു മാത്രം ഒരദ്ധ്യാപകന്റെ അറ്റുവീണ കൈപ്പത്തി നമ്മുടെ തൊട്ട് മുന്നിലുണ്ട്. ഒരു കിതാബിനെയും വ്യാഖ്യാനിക്കാനോ വിമർശിക്കാനോ പോകാതിരുന്നിട്ടും ഒരു പേര് ഉപയോഗിച്ചതുകൊണ്ട് മതനിന്ദ ആരോപിക്കപ്പെട്ട ജോസഫ് മാഷ് തൊട്ടുമുന്നിൽ നില്ക്കുമ്പോൾ , മെത്രാന്റെ അംശവടിയിൽ തൂങ്ങിയ ചിഹ്നം കാരണം ലളിതകലാ അക്കാഡമി അവാർഡ് നഷ്ടമായ ചിത്രകാരൻ നില്ക്കുമ്പോൾ വാല്മീകി രചിച്ച രാമായണത്തിന്മേലുള്ള പുരോഗമന താത്വിക അവലോകനങ്ങൾ അറഞ്ചം പുറഞ്ചം ശ്രീരാമനെന്ന ഇതിഹാസപുരുഷനെ ജനകീയവിചാരണ ചെയ്യുമ്പോൾ ഉയർന്നുനില്ക്കുന്നത് സനാതനധർമ്മത്തിന്റെ സഹിഷ്ണുതാ മന്ത്രം കാരണമാണ്. ദേവനെയോ അസുരനെയോ ആരെ വേണമെങ്കിലും ആരാധിക്കാൻ നല്കുന്ന സ്വാതന്ത്ര്യമാണ്. രാമനെ ആരാധിച്ചാലും രാവണനെ ആരാധിച്ചാലും വായിക്കപ്പെടുന്നത് അവർ കഥാപാത്രങ്ങളാകുന്ന ഇതിഹാസമാണല്ലോ.

യാവത് സ്ഥാസ്യന്തിഗിരയഃ
സരിതശ്ചമഹീതലേ,
താവത് രാമായണകഥലോകേഷു പ്രചരിഷ്യതി.”

shortlink

Related Articles

Post Your Comments

Related Articles


Back to top button