
റിയാദ്: കാണാതായതിനെ തുടര്‍ന്ന് ദിവസങ്ങളോളം നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ സൗദി കിഴക്കന്‍ പ്രവിശ്യയിലെ രഹസ്യ ചാരായവാറ്റ് കേന്ദ്രത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളികളില്‍ ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നതിനുള്ള നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. തിരുവനന്തപുരം ചെറുകോട് പോങ്ങുംമൂട് സ്വദേശി കുട്ടന്റെ മൃതദേഹമാണ് എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തില്‍ തിങ്കളാഴ്ച തിരുവന്തപുരത്ത് എത്തിച്ചത്. ആലപ്പുഴ കായംകുളം നടക്കാവ് പെരിങ്ങാല സ്വദേശി വിനോദ് കുമാറിന്റെ മൃതദേഹം അടുത്ത ദിവസങ്ങളില്‍ നാട്ടിലയക്കും.
വിനോദ് കുമാര്‍ നേരത്തെ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ പണം നല്‍കാത്ത കേസ് ഉള്ളതിനാലാണ് മൃതദേഹം നാട്ടിലയക്കാന്‍ വൈകുന്നതെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ടായിരുന്ന എംബസി വോളന്റിയര്‍ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ ഏപ്രില്‍ മൂന്നിനാണ് കണ്ടെത്തിയത്. ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍നിന്ന് രൂക്ഷഗന്ധമുണ്ടായിതിനെത്തുടര്‍ന്ന് സ്വദേശി നല്‍കിയ പരാതിയിലാണ് പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചത്.
താമസിച്ചിരുന്ന മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ചാണ് പൊലീസ് അകത്ത് കയറിയത്. കമഴ്ന്നുകിടക്കുന്ന രീതിയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. വീപ്പകള്‍ നിറയെ വ്യാജ മദ്യങ്ങളും വാറ്റുന്നതിനുള്ള ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും ഇവിടെനിന്ന് കണ്ടെടുത്തു. ചാരായ വാറ്റിന്റെ രൂക്ഷഗന്ധം ശ്വസിച്ചായിരിക്കാം ഇരുവരും മരിച്ചിട്ടുണ്ടാവുക എന്നാണ് പൊലീസ് നിഗമനം.
Post Your Comments