
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതില്‍ ദുരൂഹതയുണ്ടെന്ന് അഭിഭാഷകന്‍ സജു ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നല്‍കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. നിലവിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അഫാനെ അഭിഭാഷകന്‍ സന്ദര്‍ശിച്ചിരുന്നു. അഫാന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു.
അഫാന്റെ ആത്മഹത്യാ ശ്രമത്തില്‍ ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ചയില്ലെന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. തടവുകാരനെ നിരീക്ഷിക്കുന്നതിലും ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ നടത്തിയ ഇടപെടലിലും വീഴ്ച വരുത്തിയിട്ടില്ല. ശുചിമുറിയില്‍ കയറി വാതിലടച്ചതില്‍ അസ്വാഭാവികത തോന്നിയപ്പോള്‍ ജീവനക്കാര്‍ ഇടപെട്ടു. വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ നിലത്ത് കാലുകള്‍ മുട്ടിയ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാലാണ് ജീവന്‍ നഷ്ടപ്പെടാതിരുന്നതെന്നും ജയില്‍ സൂപ്രണ്ട് വകുപ്പ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യുടി ബ്ലോക്കിലായിരുന്നു അഫാന്‍ കഴിഞ്ഞിരുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അഫാന്‍ ജയിലിലെ ശുചിമുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. സംഭവ ദിവസം രാവിലെ പതിനൊന്ന് മണിയോടെ ശുചിമുറിയില്‍ പോകണമെന്ന് അഫാന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ജയില്‍ വാര്‍ഡന്‍ അഫാനെ ശുചിമുറിയില്‍ എത്തിച്ചു. ഇതിനിടെയാണ് അഫാന്‍ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വാതില്‍ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വാര്‍ഡന്‍ ശുചിമുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചതിനെ തുടര്‍ന്നാണ് അഫാനെ തൂങ്ങി മരിക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്.
വാര്‍ഡന്‍ ഉടന്‍ തന്നെ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 11.25 ഓടെ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവിക്ക് പുറമേ പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്.
മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.
Post Your Comments