Kerala

ഇന്ത്യയിലാദ്യം; ജില്ലയിലെ ബൂത്തുകള്‍ കണ്ടുപിടിക്കാന്‍ ഇനി ക്യു ആര്‍ കോഡും

കാസർഗോഡ്: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും കാസര്‍കോട് ജില്ലയിലെ വോട്ടര്‍മാര്‍ക്കും പോളിങ് ബൂത്തുകള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കുന്നതിനായി ഇനി ക്യു ആര്‍ കോഡും പ്രയോജനപ്പെടുത്താം. ഇന്ത്യയിലാദ്യമായാണ് തെരഞ്ഞെടുപ്പിനായി ഒരു ജില്ലയില്‍ ക്യൂ ആര്‍ കോഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇതിലൂടെ പോളിങ് ബൂത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമുള്‍പ്പെടെയുള്ള വിവരങ്ങള്‍ നിമിഷങ്ങള്‍ക്കകം കണ്ടെത്താന്‍ സാധിക്കും. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ പ്രത്യേക താല്‍പര്യപ്രകാരം ഫിനെക്‌സ്റ്റ് ഇന്നവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ് കമ്പനിയാണ് പദ്ധതിക്ക് വേണ്ട മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ബൂത്ത്‌ലോക്കേറ്റ്‌കെഎസ്ഡി (BoothLocateKSD) എന്ന ആപ്ലിക്കേഷന്‍ ആദ്യം ഡൗണ്‍ലോഡ് ചെയ്യണം.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അവര്‍ക്ക് ലഭിക്കുന്ന ക്യൂ ആര്‍ കോഡ് മൊബൈല്‍ ആപ്പ് വഴി സ്‌കാന്‍ ചെയ്താല്‍ മാത്രം മതി, ഉടന്‍ തന്നെ ബൂത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ദൃശ്യമാകും. ബൂത്ത് സ്ഥിതി ചെയ്യുന്ന പ്രദേശവും മറ്റു വിവരങ്ങളും നേടുന്നതിലൂടെ ജില്ലയുടെ വിവിധ പ്രദേശങ്ങളെ കുറിച്ച് കൂടുതല്‍ ധാരണ ലഭിക്കാന്‍ സഹായിക്കും. കൂടാതെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ ഗൂഗിള്‍ മാപ്പുമായി ബന്ധിപ്പിച്ച് എളുപ്പത്തില്‍ എല്ലാ പാതകളും ലഭിക്കുന്നതോടെ ബൂത്തിലേക്ക് ആയാസരഹിതമായി എത്താന്‍ സാധിക്കും. ജില്ലയിലെ ഓരോ ബൂത്തിനായും പ്രത്യേകം രൂപകല്‍പന ചെയ്ത ക്യൂ ആര്‍ കോഡുകള്‍ കളക്ടറുടെ വെബ്‌സൈറ്റിലൂടെയും ലഭിക്കും. ബൂത്തിനായി അനുവദിച്ച യുഐഡി നമ്പര്‍ നല്‍കി പൊതുജനങ്ങള്‍ക്കും ഈ ആപ്ലിക്കേഷനിലൂടെ ബൂത്ത് വിവരങ്ങള്‍ അറിയാം. കൂടുതലായും ഇതര ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കാസര്‍കോട് ജോലി ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ സംവിധാനം ഏറെ ഗുണകരമാകും. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലയിലെത്തുന്ന തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് പ്രയാസങ്ങളില്ലാതെയും മുന്നറിയിപ്പ് നല്‍കാതെയും ബൂത്തുകളിലെത്തുന്നതിന് ഈ മൊബൈല്‍ ആപ്പ് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button