KeralaLatest News

ശബരിമല; അടിസ്ഥാന സൗകര്യങ്ങള്‍ക്കായി രൂപം നല്‍കിയത് കോടികളുടെ പദ്ധതി

ശബരിമല : ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ 739 കോടി രൂപയുടെ പദ്ധതിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപം നല്‍കി. ശബരിമല വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം നടത്തുന്നതെന്ന് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങള്‍ക്കു പുറമേ ഇടത്താവളങ്ങളിലും വികസന പ്രവര്‍ത്തനം ഉണ്ടാവും. മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണം നടത്തുക. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചാല്‍ ഉടന്‍ പണി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞുകൂടിയ 20,000 ഘനമീറ്റര്‍ മണലിന് 9 കോടി രൂപ വനം വകുപ്പ് വില നിശ്ചയിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ നിര്‍മാണത്തിനാവശ്യമായ മണല്‍ സൗജന്യമായി വിട്ടുനല്‍കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം വനം വകുപ്പ് ഇതുവരെ അംഗീകരിച്ചിട്ടില്ല. അടുത്ത തീര്‍ഥാടനത്തിനു മുന്‍പ് നടപ്പാക്കേണ്ട നിര്‍മാണ പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ സന്നിധാനത്തു നടന്ന യോഗത്തില്‍ എ. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു.

ക്ഷേത്ര സങ്കേതത്തില്‍ ശുചിമുറികളുള്ള കെട്ടിടങ്ങള്‍ പാടില്ലെന്നും ദേവപ്രശ്‌നത്തില്‍ കണ്ടെത്തിയിരുന്നു. തന്ത്രി, മേല്‍ശാന്തി എന്നിവര്‍ക്കുള്ള താമസ സ്ഥലത്ത് ശുചിമുറികളുണ്ട്. ഇതേപോലെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍, അസി.എക്‌സിക്യുട്ടീവ് ഓഫിസര്‍ എന്നിവരുടെ മുറികളിലും ശുചിമുറികള്‍ ഉണ്ട്. ഇവയും മാറ്റും. ദേവസ്വം ബോര്‍ഡിലെ 17 സ്ഥപതിമാരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചാകും പുതിയ സ്ഥാനങ്ങള്‍ നിശ്ചയിക്കുക. മാളികപ്പുറം ക്ഷേത്രത്തിനു ചുറ്റുമതില്‍ നിര്‍മിക്കും.

തിരുമുറ്റത്തെ മേല്‍പാലം, തന്ത്രിമഠം, മേല്‍ശാന്തിമഠം എന്നിവ പൊളിക്കും. പതിനെട്ടാംപടി കയറുന്ന തീര്‍ഥാടകര്‍ ദര്‍ശനത്തിനായി തിരുനടയില്‍ എത്തുന്ന മേല്‍പാലം ശ്രീകോവിലിനേക്കാള്‍ ഉയരത്തിലാണ്. ഇത് ക്ഷേത്ര വിശ്വസത്തിനും വാസ്തുശാസ്ത്രത്തിനും എതിരാണെന്നും ദേവന് അനിഷ്ടം ഉള്ളതായും ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button